പത്തനംതിട്ട: തിരുവല്ല- കുമ്പഴ റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി അബിന്‍ വര്‍ക്കി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, കരാറുകാര്‍ ഉള്‍പ്പടെയുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. നിര്‍മാണപുരോഗതി വിലയിരുത്തിയ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശവാസികളുടെ പരാതികള്‍ കേട്ട് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയിലെ കുമ്പഴയില്നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്. ട്രാഫിക് സിഗ്നല്‍, ബസ് ബേ, അബാന്‍ മേല്‍പാലം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രദേശവാസികള്‍ക്ക് വ്യാപാരികള്‍ക്കും പറയാനുണ്ടായിരുന്നത്.
പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്ന് ഉറപ്പു നല്കിയ അബിന്‍ വര്‍ക്കി എംഎല്‍എ സിവില്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണപുരോഗതി വിലയിരുത്തി.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശാലേം പലച്ചുവട് ജംഗ്ഷനുകള്ക്കിടയിലെ സ്ഥിരം അപകടമേഖല സന്ദര്‍ശിച്ച സംഘം പ്രശ്നപരിഹാരത്തിനായി പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
മല്ലപ്പുഴശേരിയിലെ നെല്ലിക്കാല ജംഗ്ഷനില്‍ ഗവ. എല്‍പി സ്കൂളിനു മുന്‍വശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും കോഴഞ്ചേരി, മാരാമണ്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രദേശത്തെ പണികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തോട്ടപ്പുഴശേരി പഞ്ചായത്ത് ജംഗ്ഷനില്‍ ആര്‍ഡിഒ, എംവിഡി എന്നിവരുമായി കൂടിയാലോചിച്ച് വ്യക്തവും സുരക്ഷിതവുമായ ട്രാഫിക് സംവിധാനം തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. കോയിപ്രം പഞ്ചായത്തിലെ പുല്ലാട്, കുമ്പനാട് മേഖലകളിലും സന്ദര്‍ശനം നടത്തി, ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാന്‍ പദ്ധതി രേഖ തയാറാക്കാനും ഇതിനായി പഞ്ചായത്ത് അധികൃതരോട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
ഇരവിപേരൂര്‍ ജംഗ്ഷനില്‍ ഡ്രെയിനേജ് നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എംഎല്‍എ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവല്ല - കുമ്പഴ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആശങ്കകള്‍ക്കു പരിഹാരം കാണുമെന്നും അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. മുകുന്ദന്, ജോമോന് പുതുപ്പറമ്പില്‍, ഈപ്പന് വര്‍ഗീസ്, ബിജിമോള്‍, ബെന്നി കുഴിക്കാല എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇലന്തൂരിലെ അപകട മേഖലകള്‍ പരിശോധിച്ച് നടപടി
ഇലന്തൂര്‍: ടികെ റോഡില്‍ ഇലന്തൂര്‍ ഭാഗത്ത് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്കു പരിഹാരം കാണാനായി നടപടികള്‍ സ്വീകരിക്കാന്‍ അബിന്‍ വര്‍ക്കി എംഎല്‍എയുടെ നിര്‍ദേശം.
വാര്യാപുരത്തിനും ഇലന്തൂര്‍ ജംഗ്ഷനും മധ്യേ അപകടം പതിവായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അബിന്‍ വര്‍ക്കി എംഎല്‍എ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ടികെ റോഡില്‍ നിരന്തരം അപകടം നടക്കുന്ന പാലച്ചുവട് മുതല്‍ ശാലേം ജംഗ്ഷന് വരെയുള്ള പ്രദേശങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചു. അടുത്ത കാലങ്ങളില്‍ തുടര്അപകടങ്ങളില് രണ്ടു പേര് മരണമടഞ്ഞതായും 10 വര്‍ഷത്തിനിടെ തുടര്‍ വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് ജീവാപായം സംഭവിച്ചതായും ജനപ്രതിനിധികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മറുകളിലേക്ക് വാഹനം ഇടിച്ചുകയറി വൈദ്യുത പോസ്റ്റുകളും മറ്റും തകര്‍ന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം വൈദ്യുതി ബന്ധം നിലക്കുകയുണ്ടായി.
വാഹനങ്ങളുടെ അമിതവേഗവും റോഡിന്റെ വീതി കുറവും അശാസ്ത്രീയ നിര്‍മാണവും എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തി. പാലച്ചുവടിന് സമീപം റോഡിന് വീതി കുറവുള്ള ഭാഗം സംരക്ഷണഭിത്തി കെട്ടി വീതി വര്‍ധിപ്പിക്കാനും എസ്റ്റിമേറ്റ് എടുത്ത് ഉടന്‍ ജോലികള്‍ ആരംഭിക്കാനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അപകടസാധ്യത കൂടിയ സ്ഥലങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും സ്പീഡ് കണ്ട്രോള് ബ്രേക്കര്‍ ലൈറ്റുകളും സ്ഥാപിക്കും. ട്രാന്‍സ്ഫോര്‍മര്‍ സൗകര്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുമെന്നും എംഎല്‍എ അറിയിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജു വെള്ളാപ്പള്ളില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ ടീച്ചര്‍, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സാം ചെമ്പകത്തില്‍, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ഗിരീഷ് കുമാര്‍, യുഡിഎഫ് ചെയര്മാന് പി.എം. ജോണ്സൺ, ഗ്രാമപഞ്ചായത്ത് അംഗം മേഴ്സി ജോണ്സണ്, മുന്‍ വൈസ് പ്രസിഡന്റ് വിന്‍സണ്‍ ചിറക്കാല എന്നിവര്‍ വിവിധയിടങ്ങളിലെ പ്രശ്നങ്ങള്‍ എംഎല്‍എയുടെ ശ്രദ്ധയില്പ്പെുത്തി.